Thursday 4 July 2019

യുവശാസ്ത്ര പ്രതിഭകൾ മാപ്പിളയിലെ ശാസ്ത്ര പോഷിണി ലാബ് ഓർക്കുമ്പോൾ.....

ഷാജി കാവില്‍

         രണ്ടായിരത്തിലെ ആദ്യദശകത്തിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്  ഒരു വൻമാറ്റം ഉണ്ടായിട്ടുണ്ട്.  ഐ .ടി .വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര രംഗത്തും ഗുണപരമായ മാറ്റങ്ങൾക്ക് ഇത് കാരണമായി. ഈ രണ്ടു കാര്യങ്ങൾക്കും ചില ചരിത്ര സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച വിദ്യാലയമാണ് കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

        2000-01ൽ  ഐ.ടി സ്കൂൾ പ്രൊജക്ട് ആരംഭിക്കുകയും പിന്നീട് കമ്പ്യൂട്ടർ പഠനം സ്വതന്ത്ര സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച്  ലോകത്തിലെ തന്നെ മാതൃകാപരമായ  ഐ.സി.ടി പ‌ഠനമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണല്ലോ? ആദ്യകാലങ്ങളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തുടങ്ങിയ ഐ.ടി ലിനക്സിലേക്ക് മാറിയ കാലത്ത് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എങ്ങനെ നടത്തും  എന്ന ആശങ്ക വന്നപ്പോൾ ഒരു വിദ്യാലയവും ലിനക്സിൽ പരീക്ഷ നടത്താൻ തയ്യാറായില്ല. അന്ന് കേരളത്തിലെ മൂന്നു വിദ്യാലയങ്ങളാണ് മുന്നോട്ട് വന്നത്.അതിൽ കോഴിക്കോട് ജില്ലയിൽ മാപ്പിള സ്കൂൾ ആണെന്നത് ചരിത്ര സാക്ഷ്യം.!
യുവശാസ്ത്ര പ്രതിഭകൾ ഒന്നി‌ച്ചപ്പോള്‍


         2007-08 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ മാപ്പിളയിലെത്തി. പേരാമ്പ്ര, വാകയാട്, നടുവണ്ണൂർ, മേപ്പയ്യൂർ, ഉള്ളൂർ, പയ്യോളി അങ്ങനെ പല ദേശങ്ങളിൽ നിന്നും  കുട്ടികൾ ഒഴുകിയെത്തിയതിന് ഒരു കാരണമുണ്ടായിരുന്നു. ജില്ലയിലെ പ്രവർത്തനക്ഷമമായ ആദ്യ ശാസ്ത്ര പോഷിണിലാബ്. അതു മാത്രമല്ല മറ്റു സ്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രയായി ഈ ലാബുകൾ സന്ദർശിക്കാനുമെത്തി.  ഇനിയാണ് ചില ചരിത്ര സത്യങ്ങൾക്ക് വഴി തുറന്നത്. ലാബ് താനെ ഉണ്ടായി വന്നതല്ല. അതിന്റെ അമരക്കാരൻ പി. എ.പി. എന്ന പേരിലറിയപ്പെടുന്ന പ്രേമചന്ദ്രൻ മാസ്റ്റർ ജീവിതം മറന്ന് കുട്ടികൾക്കായ്   പ്രവർത്തിച്ചതിന്റെ ഫലമാണ്  ഈ ശാസ്ത്ര പോഷിണി ലാബ്. ആദ്യ വർഷത്തിൽ കാര്യമായി    കുട്ടികൾ എത്തിയിരുന്നില്ല. പിന്നെ ഒരു ഒഴുക്കായിരുന്നു  കുട്ടിശാസ്ത്രപ്രതിഭകകളുടെ.! ഫിസിക്ക്,  കെമിസ്ട്രി, ബയോളജി ഈ മൂന്നു ശാസ്ത്ര വിഷയങ്ങളിലും പ്രത്യേക സൗകര്യങ്ങൾ. ശാസ്ത്ര പിരിയഡുകളിലെ പാഠാനുബന്ധ പരീക്ഷണങ്ങൾ മാത്രമല്ല അതിരാവിലെ മണി മുഴങ്ങുന്നതിനു മുമ്പെ ലാബിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായ് കുട്ടികൾ എത്തി എന്നത് ഏറെ കൗതുകത്തോടെ തന്നെ ഓർക്കുന്നു. അതിനായ് തലേ ദിവസങ്ങളിൽ ചില ഉപകരണങ്ങൾ മാഷ് ടേബിളിൽ നിരത്തിയിട്ടുണ്ടാവും .പിന്നെ ശനിയാഴ്ചകളിൽ ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും ശാസ്ത്ര അധ്യാപകരെത്തി കുട്ടികൾക്ക് ക്ലാസ്സ് നൽകാൻ. അവിടെയും ഒതുങ്ങിയില്ല ശാസ്ത്രാന്വേഷണം. കുട്ടികളും അധ്യാപകരും ശാസ്ത്ര സത്യങ്ങൾ തേടി പുറപ്പെട്ടു ശാസ്ത്ര കേന്ദ്രങ്ങളിലേക്ക്.അങ്ങനെ ടാലന്റ് ബാങ്ക് മാപ്പിളയിൽ യാഥാർത്യമായി.

         അന്ന് പഠിച്ച വിദ്യാർത്ഥികൾ ഇന്ന് ഗവേഷണ വിദ്യാർത്ഥികൾ മുതൽ യുവ ശാസ്ത്രജ്ഞന്മാർ വരെ എത്തി നിൽക്കുന്നു. അവരിൽ കുറച്ചു പേരും അധ്യാപകരും ജൂൺ 29 ശനിയാഴ്ച ലാബിൽ ഒത്തുചേർന്നപ്പോൾ പഴയ ആസിഡു മണവും സ്റ്റിരിട്ട് ഗന്ധവും നാസാരന്ധ്രങ്ങളെ ഗൃഹാതുരമായി കൗമാരകാലത്തെ ശാസ്ത്രകൗതുകങ്ങളിലെത്തിച്ചു. ഓർമ്മകൾ അയവിറക്കി പിരിയോഡിക് ടേബിളിലെ അക്ഷരങ്ങളിലും ഓംസ് ലോയിലെ സൂത്രവാക്യങ്ങളിലും.
               ഈ വർഷം പിരിയോ ഡിക് ടേബിളിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നവ്യയ്ക്കും ആരതികുമാരിക്കും അശ്വിനും ജിഷ്ണു സായിക്കും ഷഹനത്തിനും സ്നേഹക്കും ഒരു പാട് ഓർക്കാനുണ്ട് നേരിൽ കണ്ടുമുട്ടിയ അന്നത്തെ ഗുരുക്കൻമാരായ പ്രേമചന്ദ്രൻ മാസ്റ്ററെയും വിനു മാഷിനെയും ജയചന്ദ്രൻ മാഷിനെയും അരുൺ മാഷിനെയും .... ഈ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നത്തെ പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി ടീച്ചറും.

            ജിഷ്ണുസായ് ഇന്ന് ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകൻ.ഷഹനത്ത് ദന്തഡോക്ടർ ഇരുവരും മറന്നില്ല ഈ വർഷത്തെ വിജയരഥത്തിലെ കുട്ടികൾക്ക് പ്രോത്സാഹനം  നൽകാൻ ! കൈയടി ഏറ്റുവാങ്ങി അവർ വിദ്യാലയത്തിലെ താരകങ്ങളായി. ശാസ്ത്രാധ്യാപകനായ വിനു മാഷിന്റെ ക്ലാസ്സിൽ ക്ലാസ്സുമുറി അടിച്ചു വരുന്നതിന്റെ സ്കോഡിന് ശാസ്ത്രജ്ഞൻമാരുടെ പേരുകൾ വന്നപ്പോൾ എഡിസണിന്റെയും ഐൻസ്റ്റീനിന്റെയും നിരയിൽ ജിഷ്ണു സായ് ഇടം നേടിയ കഥപറഞ്ഞപ്പോൾ എല്ലാവരും ചിരി പങ്കിട്ടു. ക്ലാസ്സിൽഓർമ്മകളിലെ തമാശകൾ പറഞ്ഞ് മറ്റൊരു ദിവസത്തിനായി അവർ പടിയിറങ്ങി.

No comments:

Post a Comment