ABOUT ME

GMVHSS KOYILANDY
KOYILANDYBAZAR PO
KOZHIKODE DT,PIN-673620
Phone : 0496 2620377
email :vatakara16048@gmail.com
weblog : www.gmvhsskoyilandybazar.blogspot.in



സ്‌ക്കൂള്‍ ചരിത്രം


  കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡില്‍ കടലോരമേഖലയിലാണ് കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിളവൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥകളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്.
    ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം സാമൂഹിക സാംസ്കാരിക മേഖലകളില്‍ വഹിച്ച പങ്ക് നിസ്തുലമാണ്.പഠന രംഗത്തും കലാകായിക രംഗങ്ങളിലും മികവ് പുലര്‍ത്തി വരുന്ന ഈ സ്ഥാപനം കൊയിലാണ്ടി പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്.
    1900-04 കാലഘട്ടത്തില്‍ കലന്തന്‍ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂള്‍ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പില്‍ കലന്തന്‍ കുട്ടിക്കാന്റെ സ്‌ക്കൂള്‍ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.20-ല്‍ താഴെ വിദ്യാര്‍ത്ഥികളാണ് അന്ന് പഠിക്കാനായി എത്തിയിരുന്നത്. സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും പീന്നീട് ബോര്‍ഡ് മാപ്പിളസ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാല്‍നടയായി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.സ്ഥാപനത്തിന് സമീപത്തുള്ള സ്രാമ്പിയില്‍ താമസിക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നു. ആരംഭകാലത്ത് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കാന്‍ സ്ക്കൂളില്‍ എത്തിയത് പി സി അബൂബക്കര്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു.
അദ്ധ്യാപകനെ ഭയത്തോട് കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ബഹുമാനിച്ചിരുന്നത്. വാക്കിലും പ്രവര്‍ത്തിയിലും വളരെ കര്‍ക്കശമായ നിലപാട് സ്വീകരിച്ചിരുന്ന എറക്കാന്റകത്ത് അബ്‌ദുള്‍ ഖാദര്‍ മാസ്റ്ററാണ് പ്രഥമാധ്യാപകന്റെ ചുമതല നിര്‍വ്വഹിച്ചിരുന്നത്.അദ്ദേഹത്തിന് ശേഷം കലാകാരനും സാഹിത്യകാരനുമായിരുന്ന പയ്യോളിയിലെ അഹമ്മദ് മാസ്റ്റര്‍ പ്രഥമാധ്യാപകനായി.
      ആ കാലത്ത് പി ടി എ സമിതി ഇല്ലായിരുന്നുവെങ്കിലും സ്ഥാപനത്തിന്റെ പുരോഗതിക്കായി നാട്ടുകാര്‍ സജീവമായി ഇടപ്പെട്ടിരുന്നു. അന്നത്തെ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്ക്കൂളില്‍ എത്താറുള്ള ഓഫീസര്‍ ഗഫൂര്‍ഷായുടെ സേവനങ്ങള്‍ മഹനീയമായിരുന്നു.
ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടര്‍ന്ന് 1917-ല്‍ ഇന്ന് ഗവണ്‍മെന്റ് മാപ്പിള വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്.സ്ക്കൂള്‍ നിര്‍മ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മല്‍ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്.കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ക്കൂള്‍ പരിസരത്തെ ഉമര്‍ ഉമ്മാത്തുമാന്റവിട അബ്‌ദുള്ള കുട്ടിഹാജി,കുഞ്ഞമ്മദ് സഹോദരങ്ങളുടെ വീടും സ്ഥലവും സര്‍ക്കാറിലേക്ക് കൈമാറിയതോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 1957-ല്‍ യൂ പി സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
       നാരായണകുറുപ്പ് എന്ന അധ്യാപകന്‍ മുഹമ്മദ് നബിയുടെ സ്തുതിഗീതങ്ങള്‍ അറബിഭാഷയില്‍ ഈണത്തില്‍ ചൊല്ലുകയും കുട്ടികള്‍ വളരെ മനോഹരമായി അത് ഏറ്റുപ്പാടുകയും ചെയ്യുന്നത് കേള്‍ക്കാന്‍ പൊതുജനങ്ങള്‍ കൗതുകത്തോടെ സ്ക്കൂളില്‍ എത്താറുണ്ടായിരുന്നു.അദ്‌ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമുദായിക ഐക്യത്തിന് മാതൃകയായിരുന്നു.
       അതിവേഗതയില്‍ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ല്‍ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തില്‍ ഒന്ന് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 

No comments:

Post a Comment