Thursday, 4 July 2019

യുവശാസ്ത്ര പ്രതിഭകൾ മാപ്പിളയിലെ ശാസ്ത്ര പോഷിണി ലാബ് ഓർക്കുമ്പോൾ.....

ഷാജി കാവില്‍

         രണ്ടായിരത്തിലെ ആദ്യദശകത്തിൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്  ഒരു വൻമാറ്റം ഉണ്ടായിട്ടുണ്ട്.  ഐ .ടി .വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര രംഗത്തും ഗുണപരമായ മാറ്റങ്ങൾക്ക് ഇത് കാരണമായി. ഈ രണ്ടു കാര്യങ്ങൾക്കും ചില ചരിത്ര സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച വിദ്യാലയമാണ് കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

        2000-01ൽ  ഐ.ടി സ്കൂൾ പ്രൊജക്ട് ആരംഭിക്കുകയും പിന്നീട് കമ്പ്യൂട്ടർ പഠനം സ്വതന്ത്ര സോഫ്റ്റ് വെയറിനെ കൂട്ടുപിടിച്ച്  ലോകത്തിലെ തന്നെ മാതൃകാപരമായ  ഐ.സി.ടി പ‌ഠനമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണല്ലോ? ആദ്യകാലങ്ങളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തുടങ്ങിയ ഐ.ടി ലിനക്സിലേക്ക് മാറിയ കാലത്ത് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് എങ്ങനെ നടത്തും  എന്ന ആശങ്ക വന്നപ്പോൾ ഒരു വിദ്യാലയവും ലിനക്സിൽ പരീക്ഷ നടത്താൻ തയ്യാറായില്ല. അന്ന് കേരളത്തിലെ മൂന്നു വിദ്യാലയങ്ങളാണ് മുന്നോട്ട് വന്നത്.അതിൽ കോഴിക്കോട് ജില്ലയിൽ മാപ്പിള സ്കൂൾ ആണെന്നത് ചരിത്ര സാക്ഷ്യം.!
യുവശാസ്ത്ര പ്രതിഭകൾ ഒന്നി‌ച്ചപ്പോള്‍


         2007-08 കാലഘട്ടത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ മാപ്പിളയിലെത്തി. പേരാമ്പ്ര, വാകയാട്, നടുവണ്ണൂർ, മേപ്പയ്യൂർ, ഉള്ളൂർ, പയ്യോളി അങ്ങനെ പല ദേശങ്ങളിൽ നിന്നും  കുട്ടികൾ ഒഴുകിയെത്തിയതിന് ഒരു കാരണമുണ്ടായിരുന്നു. ജില്ലയിലെ പ്രവർത്തനക്ഷമമായ ആദ്യ ശാസ്ത്ര പോഷിണിലാബ്. അതു മാത്രമല്ല മറ്റു സ്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്രയായി ഈ ലാബുകൾ സന്ദർശിക്കാനുമെത്തി.  ഇനിയാണ് ചില ചരിത്ര സത്യങ്ങൾക്ക് വഴി തുറന്നത്. ലാബ് താനെ ഉണ്ടായി വന്നതല്ല. അതിന്റെ അമരക്കാരൻ പി. എ.പി. എന്ന പേരിലറിയപ്പെടുന്ന പ്രേമചന്ദ്രൻ മാസ്റ്റർ ജീവിതം മറന്ന് കുട്ടികൾക്കായ്   പ്രവർത്തിച്ചതിന്റെ ഫലമാണ്  ഈ ശാസ്ത്ര പോഷിണി ലാബ്. ആദ്യ വർഷത്തിൽ കാര്യമായി    കുട്ടികൾ എത്തിയിരുന്നില്ല. പിന്നെ ഒരു ഒഴുക്കായിരുന്നു  കുട്ടിശാസ്ത്രപ്രതിഭകകളുടെ.! ഫിസിക്ക്,  കെമിസ്ട്രി, ബയോളജി ഈ മൂന്നു ശാസ്ത്ര വിഷയങ്ങളിലും പ്രത്യേക സൗകര്യങ്ങൾ. ശാസ്ത്ര പിരിയഡുകളിലെ പാഠാനുബന്ധ പരീക്ഷണങ്ങൾ മാത്രമല്ല അതിരാവിലെ മണി മുഴങ്ങുന്നതിനു മുമ്പെ ലാബിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായ് കുട്ടികൾ എത്തി എന്നത് ഏറെ കൗതുകത്തോടെ തന്നെ ഓർക്കുന്നു. അതിനായ് തലേ ദിവസങ്ങളിൽ ചില ഉപകരണങ്ങൾ മാഷ് ടേബിളിൽ നിരത്തിയിട്ടുണ്ടാവും .പിന്നെ ശനിയാഴ്ചകളിൽ ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും ശാസ്ത്ര അധ്യാപകരെത്തി കുട്ടികൾക്ക് ക്ലാസ്സ് നൽകാൻ. അവിടെയും ഒതുങ്ങിയില്ല ശാസ്ത്രാന്വേഷണം. കുട്ടികളും അധ്യാപകരും ശാസ്ത്ര സത്യങ്ങൾ തേടി പുറപ്പെട്ടു ശാസ്ത്ര കേന്ദ്രങ്ങളിലേക്ക്.അങ്ങനെ ടാലന്റ് ബാങ്ക് മാപ്പിളയിൽ യാഥാർത്യമായി.

         അന്ന് പഠിച്ച വിദ്യാർത്ഥികൾ ഇന്ന് ഗവേഷണ വിദ്യാർത്ഥികൾ മുതൽ യുവ ശാസ്ത്രജ്ഞന്മാർ വരെ എത്തി നിൽക്കുന്നു. അവരിൽ കുറച്ചു പേരും അധ്യാപകരും ജൂൺ 29 ശനിയാഴ്ച ലാബിൽ ഒത്തുചേർന്നപ്പോൾ പഴയ ആസിഡു മണവും സ്റ്റിരിട്ട് ഗന്ധവും നാസാരന്ധ്രങ്ങളെ ഗൃഹാതുരമായി കൗമാരകാലത്തെ ശാസ്ത്രകൗതുകങ്ങളിലെത്തിച്ചു. ഓർമ്മകൾ അയവിറക്കി പിരിയോഡിക് ടേബിളിലെ അക്ഷരങ്ങളിലും ഓംസ് ലോയിലെ സൂത്രവാക്യങ്ങളിലും.
               ഈ വർഷം പിരിയോ ഡിക് ടേബിളിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നവ്യയ്ക്കും ആരതികുമാരിക്കും അശ്വിനും ജിഷ്ണു സായിക്കും ഷഹനത്തിനും സ്നേഹക്കും ഒരു പാട് ഓർക്കാനുണ്ട് നേരിൽ കണ്ടുമുട്ടിയ അന്നത്തെ ഗുരുക്കൻമാരായ പ്രേമചന്ദ്രൻ മാസ്റ്ററെയും വിനു മാഷിനെയും ജയചന്ദ്രൻ മാഷിനെയും അരുൺ മാഷിനെയും .... ഈ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നത്തെ പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി ടീച്ചറും.

            ജിഷ്ണുസായ് ഇന്ന് ബാഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകൻ.ഷഹനത്ത് ദന്തഡോക്ടർ ഇരുവരും മറന്നില്ല ഈ വർഷത്തെ വിജയരഥത്തിലെ കുട്ടികൾക്ക് പ്രോത്സാഹനം  നൽകാൻ ! കൈയടി ഏറ്റുവാങ്ങി അവർ വിദ്യാലയത്തിലെ താരകങ്ങളായി. ശാസ്ത്രാധ്യാപകനായ വിനു മാഷിന്റെ ക്ലാസ്സിൽ ക്ലാസ്സുമുറി അടിച്ചു വരുന്നതിന്റെ സ്കോഡിന് ശാസ്ത്രജ്ഞൻമാരുടെ പേരുകൾ വന്നപ്പോൾ എഡിസണിന്റെയും ഐൻസ്റ്റീനിന്റെയും നിരയിൽ ജിഷ്ണു സായ് ഇടം നേടിയ കഥപറഞ്ഞപ്പോൾ എല്ലാവരും ചിരി പങ്കിട്ടു. ക്ലാസ്സിൽഓർമ്മകളിലെ തമാശകൾ പറഞ്ഞ് മറ്റൊരു ദിവസത്തിനായി അവർ പടിയിറങ്ങി.

Monday, 1 July 2019

വായനാ പക്ഷാചരണം

      
അമ്മമാർക്കു നടത്തിയ സാഹിത്യ ക്വിസ്
ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ മത്സര പരിപാടികൾ നടത്തി.20ന് നടന്ന ചിത്രവായനയിൽ മുഹമ്മദ് ഫാസിൽ (9B) സമ്മാനാർഹനായി.  27ന് നടന്ന വയനാമത്സരത്തിൽ ഫാത്തിമ ആലിയ (10. B)   രേഷ്മ ആർ.എസ്, (10A), റിയാ കിഷോർ (10 A)എന്നിവർ വിജയികളായി.                            ജൂലൈ 1ന് നടന്ന അമ്മമാർക്കുള്ള വായനാ ക്വിസിൽ ജീന, നജ്മ, നിമ്മി, റഹ്മത്ത് എന്നിവർ ജേതാക്കളായി.   ജൂലൈ 5 ന് വിവിധ പരിപാടികളോടെ ബഷീർ ദിനം ആചരിക്കും.

Saturday, 29 June 2019

വിജയോത്സവം ഉദ്ഘാടനം

വിജയരഥം
ഉദ്ഘാടനം ചെയ്തു.
വിജയ രഥം ഉദ്ഘാടനം എം.എൽ.എ, കെ.ദാസൻ നിർവഹിക്കുന്നു.

             കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എസ്.എൽ.സി വിജയോത്സവം കമ്മറ്റിയുടെ 'വിജയരഥം 2020' എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽ.സി.നൂറു ശതമാനം വിജയവും ഉയർന്ന ഗ്രേഡുകളും കൈവരിക്കാനുള്ള വിവിധയിനം പരിപാടികളെ കോർത്തിണക്കിയ അക്കാദമിക പദ്ധതിയാണ് വിജയരഥം 2020. ഉദ്ഘാടനത്തോടനുബന്ധിച്ച് വടകര വിദ്യാഭ്യാസ ജില്ല എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി സ്വാഗതം പറഞ്ഞു.യു.കെ.രാജൻ (പ്രസിഡണ്ട്, പി.ടി.എ) ഇ.കെ ഷൈനി ( പ്രിൻസിപ്പാൾ ) പി.വി പ്രകാശൻ (കൺവീനർ, വിജയരഥം) എൻ.എൻ സലിം ,പി.കെ ബാബു, പൂർവ വിദ്യാർത്ഥികളായ ജിഷ്ണു സായ്, ഷഹനത്ത് എന്നിവർ സംസാരിച്ചു.

Friday, 28 June 2019

വിജയോത്സവം 2019 -20

വിജയരഥം

പ്രശസ്ത മോട്ടിവേറ്റർ റഷീദ് കോടിയൂറ ക്ലാസെടുക്കുന്നു.

        കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് .എസ് .എൽ .സി വിജയോത്സവം 2019 -20 'വിജയരഥം ' ഉദ്ഘാടനത്തിന്റെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലാ എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. പി.കെ ബാബു, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
 

Wednesday, 26 June 2019

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും
ലഹരി വിരുദ്ധ സൈക്കിൾ റാലി


          കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ൽ ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി നഗരത്തിലൂടെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. റാലിയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ ?വിദ്യാർത്ഥികൾക്കായ് അഡീഷനൽ സബ് ഇൻസ്പെക്ടർ പി.എം സാമ്പു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.. .
.

ലഹരി വിരുദ്ധ ദിനാചരണവും ജാഗ്രതാ സമിതി ഉദ്ഘാടനവും കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിക്കുന്നു

     വിദ്യാലയ ജാഗ്രതാ സമിതിയും ലഹരിവിരുദ്ധ ക്ലബും സംയുക്തമായി നടത്തിയ ചടങ്ങിൽ പ്രധാനാധ്യാപിക കെ.കെ ചന്ദ്രമതി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. സി. ജയരാജ്, ഷബുല അസീസ് .  എൻ.മോളി ( സീനിയർ അസിസ്റ്റന്റ് ) ഷൈനി.ഒ (കൺവീനർ, ലഹരി വിരുദ്ധ ക്ലബ്) , ശ്രീകല.കെ (കൺവീനർ ജാഗ്രതാ സമിതി ഷബ് ല.കെ, നിഷ കെ.ടി, ഷാജി.സി.കെ, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എ.എസ്.ഐ. സാബു.പി.എം നയിക്കുന്നു..

Sunday, 23 June 2019

വിജയോത്സവം 2019 -20

എസ്.എസ്.എൽ.സി വിജയോത്സവം 2019 -20

ഈ വർഷത്തെ എസ്.എസ്.എൽ.സി വിജയോത്സവം ജൂൺ 29 ശനിയാഴ്ച 2 മണിക്ക്ബഹു: എം.എൽ എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും.അന്ന് രാവിലെ 10 മണിക്ക് പ്രശസ്ത മോട്ടിവേറ്റർ റഷീദ് കൊടിയൂറയുടെ മോട്ടിവേഷൻ ക്ലാസ്സ് കുട്ടികൾക്കായി നൽകും.ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൺ , വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു. കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിക്കും

Friday, 21 June 2019

ചിത്രപ്രദർശനവും ചിത്രവായനയും

 ഒ, എൻ.വി കവിതകളുടെ ചിത്രപ്രദർശനത്തിന്റെയും ചിത്രവായനയുടെയും ഉദ്ഘാടനം റഹ് മാൻ കൊഴുക്കല്ലൂർ നിർവ്വഹിക്കുന്നു.


കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രപ്രദർശനത്തിന്റെയും ചിത്രവായനയുടെയും ഉദ്ഘാടനം ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ നിർവ്വഹിച്ചു.ഒ .എൻ .വി .കവിതകളെ ആസ്പദമാക്കി കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരുടെ മുപ്പതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്. മാഹി കലാഗ്രാമത്തിലെ ശേഖരങ്ങളിലെ ചിത്രങ്ങളാണിവ. കലാപഠ നത്തെ വൈജ്ഞാനിക വിഷയമാക്കി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം കലാ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നത് ശ്രദ്ധേയമായി.ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. സി.കെ.ഷാജി സ്വാഗതം പറഞ്ഞു. എൻ. മോളി, വി.രാധാകൃഷ്ണൻ, വിജി. പി.കെ.ബാബു, നിഷ' കെ.ടി തുടങ്ങിയവർ സംസാരിച്ചു.